Tuesday, February 28, 2012

വൈരക്കല്‍ മൂക്കുത്തിയിട്ട യക്ഷിക്കഥ

കിളിവാതില്‍ പഴുതുകളിലൂടെ വാര്‍ന്നുവീണ നട്ടുച്ച
വിശാലമായ അകത്തളത്തിലെ ചുവന്ന സിമെന്റു തറയില്‍
പൊന്‍നാണയങ്ങളായി മയങ്ങിക്കിടന്നു.
ചുവരുകളില്‍ ചിത്രകാരന്മാരുടെ വിചിത്ര ഭാവനകള്‍
ചതുര വടിവില്‍ വിറങ്ങലിച്ചും.
നിശ്വാസം പോലും പ്രതിധ്വനിക്കുന്ന
നിശബ്ദതയിലേക്കാണവള്‍
ചിലമ്പൊലിയൊച്ചയുമായി ഇറങ്ങി വന്നത്.
അനസൂയ എന്നാണ് പോല്‍ പേര്.
ചിത്രശാലയാകും മുമ്പ്
ഇതവളുടെ ഇല്ലവും
അവള്‍ ഇവിടത്തെ ആത്തേമ്മയും ആയിരുന്നത്രെ!
ആവട്ടെ എന്ന് നിസംഗത നടിച്ചു ഞാന്‍.
നിഴലും വെളിച്ചവും ഒളിച്ചു കളിക്കുന്ന
കോണിച്ചുവട്ടിലിരുന്നു  
ഓരോ ഉച്ചക്കും അവള്‍ ഓരോരോ കഥകള്‍ പറഞ്ഞു.
അപ്പോഴൊക്കെ മൂക്കുത്തിയിലെ  വൈരക്കല്ല്
അവളുടെ കണ്‍തിളക്കങ്ങളോട്  മത്സരിച്ചും തോറ്റുമിരുന്നു.
പോകെ,പോകെ, അവളുടെ കഥകള്‍ക്കായ്
ഞാനുച്ചകളെ കാത്തിരുന്നു തുടങ്ങി...
കഥകളില്‍ അവളോളം അഴകുള്ള ഇന്നലെകള്‍
പുത്തിലഞ്ഞി ചോട്ടില്‍ ഊഞ്ഞാലാടി,
ചാണകം മെഴുകിയ പിന്‍മുറ്റത്ത്‌  കൊത്തങ്കല്ല് കളിച്ചു.
അവള്‍ ആത്തേമ്മയും ഞാന്‍
അനുസരണയുള്ള കഥകഥക്കുട്ടിയുമായി...
ചിത്രശാലയുടെ ചുവരുകളില്‍
പിന്നെയും എത്രയോ ചിത്രകാരന്മാര്‍
പേരറിയാ ചിത്രങ്ങളെ തടവിലിടുകയും
കഥയറിയാതെ കാണികള്‍ ഉദാത്തമെന്നു
തല കുലുക്കുകയും ചെയ്തുകൊണ്ടിരുന്നു.
അങ്ങനെയിരിക്കെ, ചിത്രശാല നഷ്ടമെന്നും
അനേകം കിളിവാതിലുകളും മരപ്പണികളും ഉള്ള വീട്
നക്ഷത്ര ഹോട്ടലിനാണ് കൂടുതല്‍ ചേരുകയെന്നും
കടല്‍ കടന്നു പോയി പഠിച്ചുവന്ന പുത്തന്‍ തലമുറ പ്രഖ്യാപിച്ചു!
പിറ്റേന്ന് മുതല്‍ അനസൂയ വരാതായി.
പിറ്റേന്നും, അതിന്റെ പിറ്റേന്നും...
അനസൂയയോ,
അവള്‍ പണ്ടേ മരിച്ചില്ലേ,
എന്നെന്റെ ചോദ്യത്തിന്  ചിലര്‍ കൈമലര്‍ത്തി,
പാവം, ചിത്രങ്ങള്‍ക്ക് കൂട്ടിരുന്നു ചിത്തഭ്രമം പിടിപെട്ടെന്നു
ചിലര്‍ അടക്കം പറഞ്ഞു ചിരിച്ചു.
കഥയേത്, പൊരുളേതെന്നറിയാതെ തളര്‍ന്നിരിക്കെ
യക്ഷികള്‍ ഉണ്ടാവുന്നതെങ്ങനെയെന്നു
അന്നാദ്യമായ്‌ കോണിച്ചുവട്ടിലെ ഇരുളില്‍ നിന്നൊരു
വൈരക്കല്‍ മൂക്കുത്തി എനിക്ക് പറഞ്ഞു തന്നു.
നക്ഷത്ര ഹോട്ടലിനായി വഴിമാറിക്കൊടുത്ത,
പാവം ചിത്രശാലയുടെ ആത്തേമ്മയായിരുന്ന,
പാവം അനസൂയയുടെ
പാവം, പാവം വൈരക്കല്‍ മൂക്കുത്തി!

 

Monday, February 27, 2012

ഗൃഹാതുരത

തൂലികാ സൗഹൃദങ്ങള്‍
അഹങ്കാരമായിരുന്ന ഒരു കാലമുണ്ടായിരുന്നു.
അതിജീവനത്തിനായുള്ള ഓട്ടത്തിനിടയില്‍
എപ്പോഴാണവ ഓരോന്നായി
വിസ്മൃതിയില്‍ മറഞ്ഞതെന്നു  കൂടി ഓര്‍മ്മയില്ല.
തുരുമ്പെടുത്തു അനാഥമായ എഴുത്ത് പെട്ടി
ഭൂതകാല പ്രതാപത്തിന്‍റെ നഷ്ട ചിഹ്നം പോലെ
മുറ്റത്തൊരു കോണില്‍ ഇപ്പോഴുമുണ്ട്.
കത്തുകള്‍ക്ക് മടക്കത്തപാലില്‍ മറുപടിച്ചിരുന്ന
ആവേശത്തിന്‍റെ കാലം കഴിഞ്ഞുവോ?
ലക്കോട്ടും, മഷിപ്പേനയും,
ഇരുപത്തഞ്ചു പൈസയുടെ
മേഘദൂത് പോസ്റ്റ്‌ കാര്‍ഡും,
നമ്മുടെ കുട്ടികള്‍ക്ക്
നാളെ പുരാവസ്തു മ്യുസിയത്തില്‍ പോയി
കാട്ടി കൊടുക്കേണ്ടി വരരുതെന്ന
ഭയം കൊണ്ടു മാത്രം
ഞാനവ ഭദ്രമായി സൂക്ഷിക്കുന്നു,
പല അടുക്കുകളായി തരം തിരിച്ച
പ്രിയപെട്ടവരുടെ കത്തുകള്‍ക്കൊപ്പം...

Wednesday, February 22, 2012

സ്വപ്നങ്ങളെ ഞാനെവിടെ അടയാളപ്പെടുത്തും ?

ആസുരമായ കാലത്തില്‍
ഒരാള്‍ക്ക്‌ എങ്ങിനെയാണ് നല്ല സ്വപ്‌നങ്ങള്‍
കാണാന്‍ കഴിയുക?
പ്രഭാതങ്ങളെ എതിരേല്‍ക്കുന്നത്
കണ്ണീരും ചോരയും, നിലവിളികളും ആക്രോശങ്ങളും
അക്ഷരരൂപം പൂണ്ട പത്രത്താളുകള്‍.
പുറത്തിറങ്ങിയാല്‍
തിരിച്ചെത്തുമെന്ന് ഉറപ്പില്ലാത്ത യാത്രകള്‍...
നോട്ടത്താല്‍ പോലും പെണ്‍കുട്ടികള്‍
മാനഭംഗം ചെയ്യപ്പെടുന്ന തെരുവുകള്‍.
സുരക്ഷിതത്വത്തിന്‍റെ   പര്യായമായിരുന്ന
വീടിന്‍റെ നിഴലില്‍ പോലും
ഒരക്രമിയുടെ ആയുധം തക്കം പാര്‍ത്തിരിക്കുന്നു!
ജീവിതമിങ്ങനെയൊക്കെ ചുറ്റും കലിയാട്ടം കൊള്ളുമ്പോള്‍
സ്വപ്നങ്ങളെ ഞാനെവിടെ അടയാളപ്പെടുത്തും ?   

Tuesday, February 14, 2012

അനന്തരം...

പ്രണയം എന്‍റെ അഹങ്കാരമായിരുന്നു,
അവനതു നിര്‍ദയം ഉപേക്ഷിക്കും വരെ.
അവനിലൂടെയാണ് ഞാന്‍ ലോകം കണ്ടത്
ഉത്സവങ്ങളും ഉത്സവ പറമ്പുകളും ഞങ്ങള്‍ ഒന്നിച്ചു താണ്ടി.
രാവിന്‍റെ നിശബ്ദതയില്‍ സംഗീതം നിറച്ചു
കവിത ചൊല്ലി നിലാവ് തീണ്ടി
കള്ളിന്‍റെ നുരക്കുത്തില്‍ ഒരുമിച്ചു കരഞ്ഞു,
പരസ്പരം കണ്ണീരൊപ്പി.
രതി നദികള്‍ നീന്തി കിതയ്ക്കുമ്പോള്‍
നീയാണ്  പ്രണയമെന്തെന്നെന്നെ പഠിപ്പിച്ചതെന്നു കാതിലോതി.
വെറുതെയായിരുന്നു.     
ഏറെ പഴകിയാല്‍ പ്രണയവും പുളിക്കുമായിരിക്കണം.
എപ്പോള്‍ വേണമെങ്കിലും പിരിഞ്ഞു പോവാന്‍
അവനു അനുവാദമുണ്ടായിരുന്നു.
എന്നിട്ടും...
പിരിയും മുമ്പൊരു യാത്രാമൊഴി എങ്കിലും
ഞാന്‍ കൊതിച്ചത് തെറ്റായിരുന്നോ?
അറിയില്ല.
മൌനത്താല്‍ അവസാന പ്രതിരോധവും ഭേദിച്ചു
അവന്‍ പടിയിറങ്ങി.
പഴങ്കഥകളുടെ ഓര്‍മ്മയില്‍ ചാരി
പെരുവഴിയില്‍ ഞാന്‍ തനിച്ച്...

ഉറപ്പ്

അടുത്തെപ്പോഴും
ഉണ്ടായില്ലെങ്കിലും 
നീ ആഗ്രഹിക്കുമ്പോഴൊരു
കുഞ്ഞു കാറ്റായി,
നനുത്ത മഴത്തൂവലായി,
ഒരപ്പൂപ്പന്‍ താടിയുടെ 
തരള സ്പര്‍ശമായി,
നിന്‍റെ കിടക്കയിലേക്ക്
ചാഞ്ഞു വീഴുന്ന
നിലാ പാളിയായോ,
നിന്‍റെ രാവിനെ
ഉന്മത്തമാക്കുന്ന
നറുമുല്ല പ്പൂമണമായോ
ഞാന്‍ വരും.
നിന്‍റെ സ്വപ്നങ്ങളില്‍
പങ്കുകാരിയാവാന്‍,
നിന്‍റെ സങ്കടങ്ങളെ
തഴുകിയുറക്കാന്‍,
നിന്‍റെ മോഹങ്ങളുടെ
ചിറകു വിടര്‍ത്താന്‍,
നിന്‍റെ സ്നേഹം കടം കൊണ്ട്,
നിന്‍റെ ആത്മാവിന്‍റെ പാതിയായ്,
പിന്നെ നീയായി മാറാന്‍...
ഇരവു പകലുകളും, നാഴിക വിനാഴികകളും
നീന്തിക്കടന്നു ഞാന്‍ വരും.

നഗരത്തിലെ രാത്രിമഴ

നിയോണ്‍ വെളിച്ചത്തിന്‍റെ
വിളര്ച്ചയിലേക്ക്  പാറി വീഴുന്ന
നിസംഗമായ മഴത്തുള്ളികള്‍.
നഗരത്തിലെ മഴ ഇങ്ങനെയാണ്
വരവറിയിച്ചു കൊണ്ട് ദുന്ദുഭിനാദമോ  
മിന്നല്‍ തിളക്കങ്ങളുടെ പ്രതാപമോ
കാറ്റിന്‍റെ ഹുങ്കാരമോ ഇല്ലാതെ,
തെല്ലും ജീവനില്ലാതെ.
ആരെയും കാത്തു നില്‍ക്കാതെ 
രാത്രിയുടെ തളര്ച്ചയിലേക്ക്‌
നിശബ്ദയായി അവള്‍ പെയ്തിറങ്ങുന്നു.
നേരമെത്തുമ്പോള്‍
വന്നതിനേക്കാള്‍ ശാന്തമായ പിന്‍വാങ്ങല്‍...
ഇനിയും വരുമെന്ന
പ്രതീക്ഷയോ വാഗ്ദാനമോ
ബാക്കി വെയ്ക്കാതെ.   

പുഴയൊഴുകും വഴി

പുഴയൊഴുകും വഴി ഏതാവാം ?
ജന്മാന്തരങ്ങള്‍ വിലയിക്കുന്ന,
പുതു ജന്മങ്ങള്‍ പിറവി കൊള്ളുന്ന തീരങ്ങളിലൂടെയാവാം
കളകളാരവം ആത്മാക്കളുടെ മര്‍മ്മരമാവാം
ഓളങ്ങള്‍ പുതു ജന്മങ്ങളിലേക്കുള്ള മൃദുപദതാളമാവാം      
സുതാര്യത സ്മരണകളിലേക്കു നിവര്‍ത്തിയ കണ്ണാടിയാവാം
ചുഴികള്‍ ദുഖങ്ങളൂര്‍ന്നു പോയ വഴിയാവാം
തുരുത്തുകള്‍ സൗഹൃദ മരുപ്പച്ചകളാവാം
പാലങ്ങള്‍ തീര്‍ക്കുന്നത് ബന്ധങ്ങളാവാം
ചങ്ങാടമേറുന്നത് ആശകളാവാം
ഇരുകരദൂരം ആയുസിന്‍ ദൈര്‍ഘ്യമാവാം
പുഴ ജീവനും ജീവനവുമാവാം
പുഴയില്ലായ്മ മരണവും